Business
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി) 2025-26 സാന്പത്തികവർഷത്തിൽ 1455.14 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റാദായമാണിത്. 2024-25 സാന്പത്തികവർഷത്തിൽ നേടിയ അറ്റാദായമായ 1302.88 കോടി രൂപയെക്കാൾ 11.69 ശതമാനം വളർച്ചയാണ് ഈ സാന്പത്തികവർഷം നേടിയത്.
എസ്ഐബിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബിസിനസായ 2,23,620 കോടിയുടെ ഇടപാടുകളും ഈ സാന്പത്തികവർഷം നടത്തി. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന പ്രവർത്തനലാഭമായ 2,373 കോടി രൂപയും നേടാനായി. പലിശേതരവരുമാനം 2,009 കോടി. ഇതും റിക്കാർഡാണ്. വാർഷിക പൊതുയോഗത്തിൽ ഡയറക്ടർ ബോർഡ് 45 ശതമാനം ലാഭവിഹിതം ശിപാർശ ചെയ്തിട്ടുണ്ട്.
എഴുതിത്തള്ളിയതുൾപ്പെടെ കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം മുൻവർഷത്തെ 85.03 ശതമാനത്തിൽനിന്ന് 94.10 ശതമാനമായി വർധിച്ചു. മൊത്ത നിഷ്ക്രിയ ആസ്തി വാർഷികാടിസ്ഥാനത്തിൽ 3.20 ശതമാനത്തിൽനിന്ന് 1.43 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 0.92 ശതമാനത്തിൽനിന്ന് 0.29 ശതമാനമായും കുറഞ്ഞു. പ്രവർത്തനലാഭം കഴിഞ്ഞ സാന്പത്തികവർഷത്തിലെ 2,270 കോടിയിൽനിന്ന് 4.55 ശതമാനം വർധിച്ച് 2,373 കോടിയായി.
റീട്ടെയിൽ നിക്ഷേപം 15,366 കോടി വർധിച്ച് 1,20,116 കോടിയായി ഉയർന്നു. 14.67 ശതമാനം വർധന. എൻആർഐ നിക്ഷേപം 3,769 കോടി രൂപ വർധിച്ച് 35,371 കോടി രൂപയായി. സേവിംഗ്സ് നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 17.24 ശതമാനം വളർച്ച നേടി 27,699 കോടിയിൽനിന്ന് 32,475 കോടിയായി. മൊത്ത വായ്പകൾ 12,695 കോടി വർധിച്ച് 1,00,274 കോടിയായി. 14.50 ശതമാനമാണു വർധന.
സ്വർണവായ്പ പോർട്ട്ഫോളിയോ 16,982 കോടിയിൽനിന്ന് 24,729 കോടിയായി വർധിച്ചു. വാഹനവായ്പ 1,987 കോടിയിൽനിന്ന് 2,412 കോടിയായി. ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബിഒഎസ്എലിന്റെ സാന്പത്തികഫലങ്ങൾകൂടി ഉൾപ്പെട്ട കണക്കുകളാണിത്.
കഴിഞ്ഞ സാന്പത്തികവർഷം ലക്ഷ്യമിട്ട എല്ലാ വിഭാഗങ്ങളിലും ബാങ്ക് സുസ്ഥിരമായ വളർച്ച കൈവരിച്ചെന്ന് എസ്ഐബി എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.
Business
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് ഹോം ലോൺ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അസറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനിൽ കുമാർ, സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ടി. ആന്റോ ജോർജ് എന്നിവർ ചേർന്നാണ് കരാർ ഒപ്പുവച്ചത്. ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ഹോം ലോൺ സൗകര്യം നൽകുകയെന്ന ലക്ഷ്യത്തോടെയാണു സഹകരണത്തിന് തുടക്കമിട്ടത്. പ്രത്യേക ആനുകൂല്യങ്ങൾ, വേഗത്തിലുള്ള ലോൺ പ്രോസസിംഗ്, ഏകോപിത വില്പന പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്കു മികച്ച അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
Sports
കൊച്ചി: ബാങ്കേഴ്സ് ക്ലബ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ക്രിക്കറ്റ് കാർണിവലിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി.
വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് രാമചന്ദ്രനും ബാങ്കേഴ്സ് ക്ലബ് പ്രസിഡന്റ് എസ്. എസ്. നാരായണനും ചേർന്നു സമ്മാനിച്ചു.
Business
കൊച്ചി: മികവോടെ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്ന് 97-ാം സ്ഥാപകദിനം ആഘോഷിക്കുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായം കൈവരിച്ചതിന്റെ ആവേശത്തിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്ഥാപകദിനത്തിലേക്ക് കടക്കുന്നത്. 1929ൽ തൃശൂരിൽ തുടക്കംകുറിച്ച സൗത്ത് ഇന്ത്യൻ ബാങ്കിന് ഇന്ന് ഇന്ത്യയൊട്ടാകെ 948 ശാഖകളും 82 ലക്ഷം ഉപഭോക്താക്കളുമാണുള്ളത്.
സൗത്ത് ഇന്ത്യൻ ബാങ്ക് പുലർത്തിവരുന്ന ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തന ശൈലിയും ഉപഭോക്താക്കൾ നൽകിവരുന്ന അചഞ്ചലമായ പിന്തുണയുമാണ് 97 വർഷങ്ങളുടെ വിശ്വാസപൂർണമായ യാത്രയിലേക്ക് ബാങ്കിനെ നയിച്ചതെന്നു ചെയർമാൻ വി.ജെ. കുര്യൻ പറഞ്ഞു.
2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 374.32 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (341.87 കോടി) ഒൻപത് ശതമാനം വളർച്ചയാണിത്. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പതു മാസത്തെ ആകെ ലാഭം 1047.64 കോടി രൂപയായി ഉയർന്നു. പ്രീ-പ്രോവിഷനിംഗ് പ്രവർത്തന ലാഭത്തിലും 10 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.
ഉപഭോക്താക്കൾ അർപ്പിച്ച ദീർഘകാല വിശ്വാസത്തിന്റെയും 9000ലധികം വരുന്ന ജീവനക്കാരുടെ അചഞ്ചലമായ സമർപ്പണത്തിന്റെയും പ്രതിഫലനമാണ് ബാങ്കിന്റെ നേട്ടങ്ങളെന്നു മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.
Kerala
കൊച്ചി: ചെറുകിട പണമിടപാടുകൾ വേഗത്തിലും സുരക്ഷിതമായും നടത്തുന്നതിന് റുപേ എസ്ഐബി പേ ടാഗ് സൗകര്യം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. മൊബൈൽ ഫോണ്, വാലറ്റ്, കാർഡ് ഹോൾഡർ എന്നിവയിൽ പതിപ്പിക്കാവുന്ന സ്റ്റിക്കർ രൂപത്തിലാണ് എസ്ഐബി പേ ടാഗ് പുറത്തിറക്കിയത്.
എൻഎഫ്സി (നിയർഫീൽഡ് കമ്യൂണിക്കേഷൻ) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു ടാഗ് പ്രവർത്തിക്കുന്നത്. 5,000 രൂപവരെയുള്ള പർച്ചേസുകൾ പിൻനന്പറിന്റെ സഹായമില്ലാതെ പൂർത്തിയാക്കാമെന്നതാണു പ്രത്യേകത. വ്യപാരസ്ഥാപനങ്ങളിലും പെട്രോൾ പന്പുകളിലും സ്ഥാപിച്ചിട്ടുള്ള പിഒഎസ് മെഷീനുകളിൽ ടാപ്പ് ചെയ്ത് ഇടപാട് പൂർത്തിയാക്കാം.
5,000 രൂപയ്ക്കു മുകളിലുള്ള പേമെന്റുകൾക്കു പിൻനന്പർ ആവശ്യമാണ്. ഓണ്ലൈൻ പർച്ചേസുകൾ നടത്തുന്ന സമയത്ത് ആവശ്യമായ കാർഡ് നന്പർ, സിവിവി നന്പർ, എക്സ്പയറി ഡേറ്റ് എന്നിവ ബാങ്കിന്റെ എസ്ഐബി മിറർ പ്ലസ് ആപ്ലിക്കേഷൻ മുഖേന ലഭിക്കും.
ടാഗ് സ്റ്റിക്കർ ഉപയോഗിച്ച് ദിവസം ഒരു ലക്ഷം രൂപവരെ ഇടപാട് നടത്താം. ഇടപാട്തുകയുടെ പരിധി നിശ്ചയിക്കാനും നിയന്ത്രിക്കാനും ആപ്ലിക്കേഷനിലൂടെ സാധ്യമാണ്. ഉപഭോക്താക്കൾക്ക് ബ്രാഞ്ചുകളിലൂടെയും SIB Mirror+, SIBerNet (ഇന്റർനെറ്റ് ബാങ്കിംഗ്) ആപ്ലിക്കേഷൻ മുഖേനയും സ്റ്റിക്കറിന് അപേക്ഷിക്കാം.